വൈദ്യുതികമ്പിക്ക് മുകളില്‍ മറിഞ്ഞ മരം ദുരന്ത നിവാരണ സേന നീക്കം ചെയ്തു
കാസര്‍കോട് : ശക്തമായ മഴയില്‍ കൊട്ടംകുഴില് എച്ച്.ടി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞുവീണ മരം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുറിച്ചുമാറ്റി. സുനില്‍ കുമാര്‍, സുരേഷ് കര്‍മ്മംതോടി, സതീഷന് കൊട്ടംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുറിച്ചു മാറ്റിയത്.
നാടിന്റെ ഏത് അടിയന്തിരസാഹചര്യം നേരിടാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും സജ്ജമായിട്ടുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള 42 അംഗ ദുരന്ത നിവാരണ സേന ഈ മഴക്കാലത്തും അവരുടെ സേവനം തുടരുകയാണ്. പ്രാഥമിക ശുശ്രൂഷ, ദുരന്ത മേഖലയിലെ ഇടപെടല്‍, ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇവര്‍ പരിശീലനം നേടിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലീസ്, അഗ്നിശമന സേനാവിഭാഗം, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായ സേവനമാണ് വളണ്ടിയര്‍മാര്‍ നാടിന് നല്‍കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളില്‍ ദുരന്തമോ കാലാവര്ഷക്കെടുതിയോ ഉണ്ടായാല്‍ സേനയുടെ സേവനം ലഭിക്കും. സേവനത്തിനായുള്ള ഫോണ്‍ 7012250020, 9745382755. ആംബുലന്‍സ് സേവനത്തിനായുള്ള ഫോണ്‍ 9633972225.