കുട്ടികള്‍ക്ക് കാറിന്റെ കീ കൊടുക്കുന്നവര്‍ ശ്രദ്ധിക്കുക; ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ!
ലുധിയാന: മൂന്നു വയസുകാരന് കാറിന്റെ കീ കൊടുത്തതിനു ശേഷമുണ്ടായ ദുരനുഭവം പങ്കുവച്ച് ലുധിയാന സ്വദേശിയായ സുന്ദര്‍ദീപ് സിങ്. പ്രീ സ്കൂളില്‍ നിന്നും മക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സംഭവം. അബദ്ധത്തില്‍ കാറിനുള്ളില്‍ പെട്ടുപോയെ കുട്ടിയെ രക്ഷപ്പെടുത്താന്‍ കാറിന്റെ ജനല്‍ച്ചില്ല് തകര്‍ക്കേണ്ടി വന്നു.
സ്കൂളില്‍ നിന്നും മകന് കബീറിനെ കൂട്ടിക്കൊണ്ടുവന്ന ശേഷം ബാഗുകള്‍ക്കൊപ്പം കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി. അപ്രതീക്ഷിതമായി, കബീർ പിതാവിന്റെ കയ്യില്‍ നിന്ന് കാറിന്റെ താക്കോൽ തട്ടിയെടുക്കുകയും അബദ്ധത്തിൽ കാറിന്റെ ഡോർ ലോക്ക് ചെയ്യുകയും ചെയ്തു.സുന്ദര്‍ദീപിന്റെ ഭാര്യയും രണ്ടാമത്തെ മകനും സ്കൂൾ പരിസരത്തുണ്ടായിരുന്നു. കാറിന്റെ ഡോര്‍ തുറക്കാന്‍ നോക്കുമ്പോഴാണ് അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കാര്‍ അണ്‍ലോക്ക് ചെയ്യാന്‍ കബീറിനോട് ആവശ്യപ്പെട്ടെങ്കിലും കുട്ടി ഭയന്ന് ലോക്ക് ബട്ടണ്‍ ആവര്‍ത്തിച്ച് അമര്‍ത്തിക്കൊണ്ടിരുന്നു. ഇതോടെ കാറിന്റെ മോഷണ അലാം മുഴങ്ങി. കുട്ടി കൂടുതല്‍ ഭയന്നു. ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. സഹായം ചോദിച്ച് പലരെയും ഫോണ്‍ ചെയ്തു.
സഹോദരനെ വിളിച്ച് സ്പെയര്‍ കീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ സ്ഥലത്തെത്താന്‍ 15 മിനിറ്റ് സമയമെടുക്കുമായിരുന്നു. കാറിനുള്ളില്‍ ചൂട് കൂടുന്നതുകൊണ്ട് എത്രയും പെട്ടെന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും വേണം. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സുന്ദര്‍ദീപ് ഉടന്‍ തന്നെ 30 മീറ്റര്‍ അകലെയുള്ള പഞ്ചര്‍ ഷോപ്പിലേക്ക് ഓടി. കാര്യങ്ങളൊന്നും പറയാതെ തന്നെ വലിയ സ്ലെഡ്ജ്ഹാമറുമായി മെക്കാനിക്കിനെ സ്ഥലത്തെത്തിച്ചു. ഹാമർ കൊണ്ടുള്ള നാലാമത്തെ അടിയിൽ ജനൽ ഗ്ലാസ് തകര്‍ന്നു. കബീര്‍ കരയുന്നുണ്ടായിരുന്നെങ്കിലും ഗ്ലാസ് കഷണങ്ങള്‍ കൊണ്ട് കുട്ടിക്ക് മുറിവേറ്റില്ലെന്നും താക്കോല്‍ വാങ്ങിയെന്നും സുന്ദര്‍ദീപ് പറഞ്ഞു. ”കബീർ അകത്തു നിന്ന് ലോക്ക് തുറക്കാൻ ശ്രമിച്ചിരിക്കാം, പക്ഷേ അത് അമർത്തിയില്ല. താക്കോൽ ഒരിക്കലും കുട്ടിക്ക് കൈമാറരുത്.അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയെ തെറ്റ്. കുട്ടി കരഞ്ഞോട്ടെ. ”