കാസർകോട്ടെ സ്റ്റാർ ഹോട്ടെലിൽ ജില്ലാ രജിസ്ട്രാർ മരിച്ച നിലയിൽ
കാസർകോട്: ജില്ലാ രജിസ്ട്രാറെ കാസർകോട്ടെ സ്റ്റാർ ഹോടെലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലാ രജിസ്ട്രാറും (ജെനറൽ) മലപ്പുറം കോട്ടക്കൽ പറപ്പൂർ സ്വദേശിയുമായ ടി ഇ മുഹമ്മദ് അശ്റഫ് (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചതായാണ് സംശയിക്കുന്നത്.
കാസർകോട് അണങ്കൂരിലെ സ്റ്റാർ ഹോടെലായ ഹൈവേ കാസിലിലാണ് ഇദ്ദേഹം സ്ഥിരമായി താമസിച്ച് വരാറുള്ളത്. കഴിഞ്ഞ ദിവസം മുറിയെടുത്തപ്പോൾ തിങ്കളാഴ്ച രാവിലെ വിളിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹോടെൽ ജീവനക്കാർ 8.30 മണിയോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് മുറിയുടെ അടുത്ത് ചെന്നപ്പോൾ വാതിൽ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അകത്ത് കയറി നോക്കിയപ്പോഴാണ് കുളിമുറിയിൽ ഇരുന്ന നിലയിൽ അശ്റഫിനെ കണ്ടത്. ഉടൻ തന്നെ ഹോടെൽ അധികൃതർ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒന്നര വർഷത്തോളമായി കാസർകോട്ട് ജോലി ചെയ്ത് വരികയാണ് മുഹമ്മദ് അശ്റഫ്. ഭാര്യ: ബസരിയ. മക്കൾ: അഖീൽ അഹ്മദ്, അനീന, അമാന. ഏക സഹോദരൻ മുഹമ്മദ് യൂസുഫ്. മൃതദേഹം കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും