മുൻവർഷത്തേത് പോലെ എല്ലാവർക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല, വിതരണത്തിൽ തീരുമാനമെടുത്തില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവർക്കും ഓണക്കിറ്റ് നൽകുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും നടത്തിയതുപോലെ ഓണക്കിറ്റ് വിതരണം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഓണക്കാലം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് വ്യക്തമാക്കിയ ധനമന്ത്രി ഓണത്തിന് ഇനി മൂന്നാഴ്ച ബാക്കിയുണ്ടെന്നും പറഞ്ഞു. കേരളത്തിന് കേന്ദ്രം നൽകാനുള്ള വരുമാനം പരാമർശിച്ച ധനമന്ത്രി 100 രൂപ വേണ്ടതിൽ 70 രൂപയും സംസ്ഥാനം ഉണ്ടാക്കണമെന്ന സ്ഥിതിയാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 40 ഉം 50ഉം മതി. ബാക്കി 60ഉം 50ഉം കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ടാക്സ് വിഹിതമാണ്. കേരളത്തോട് ഇത്തരത്തിൽ അങ്ങേയറ്റം ക്രൂരമായി കേന്ദ്രം പെരുമാറുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്തതിന് ധനമന്ത്രി കേന്ദ്രത്തെ വിമർശിച്ചു. എണ്ണവിലക്കയറ്റം, കേന്ദ്ര നയം, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്ത അവസ്ഥ ഇവ പരാമർശിച്ചാണ് ധനമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സംസ്ഥാന സർക്കാർ സഹായം നൽകുമെന്നും കെ.എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.