ക്രൂര കൊലപാതകത്തില്‍ നടുങ്ങി നാട്; തൃശൂരിൽ വൃദ്ധ ദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊന്നു
തൃശൂർ: വൃദ്ധ ദമ്പതികളെ മാനസികാസ്വാസ്ഥ്യമുള്ള കൊച്ചുമകൻ വെട്ടിക്കൊന്നു. തൃശൂർ വടക്കേക്കാട് വയലത്തൂരിലാണ് ദാരുണമായ കൊലപാതകമുണ്ടായത്. പനങ്ങാവ് സ്വദേശി അബ്ദുള്ള കുട്ടി(65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അക്മലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇവരുടെ മകൻ രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മാതാപിതാക്കൾ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അക്മൽ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ മകനാണ് പ്രതി. അബ്ദുള്ള കുട്ടിയ്ക്കും ജമീലയ്ക്കുമൊപ്പമായിരുന്നു അക്മൽ താമസിച്ചിരുന്നത്. ഇതിന് മുമ്പും പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന് പ്രതി ദമ്പതികളെ ഉപദ്രവിച്ചിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.
മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഡോഗ് സ്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.