‘മന്ത്രിയുടെ ബുദ്ധി’, കഴിക്കുന്നത് നിർത്തിയാൽ തക്കാളിയുടെ വില കുറയും, പകരം കറിയിലിടേണ്ട സാധനവും ‘കണ്ടെത്തി’
ലക്നൗ: തക്കാളി കഴിക്കുന്നത് നിർത്തിയാൽ വില താനെ കുറയുമെന്ന് ഉത്തർപ്രദേശ് മന്ത്രി പ്രതിഭ ശുക്ല. വില കൂടുതലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക. ആരും വാങ്ങാതാകുന്നതോടെ വില കുറയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
‘വിലകൂടിയ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സ്വാഭാവികമായും വില കുറയാൻ കാരണമാകും. ആരും അവ (തക്കാളി) വാങ്ങുന്നില്ലെങ്കിൽ അത് പാഴായിപ്പോകും. ഇതു തടയാൻ കച്ചവടക്കാർ വില കുറക്കാൻ നിർബന്ധിതരാകും.’- മന്ത്രി പറഞ്ഞു.
തക്കാളിക്ക് വില കൂടുതലാണ്, പ്രത്യേകിച്ച് ഈ സീസണിൽ. ചട്ടിയിലും മറ്റും തക്കാളി നടുന്നതിലൂടെ ഈ വിലക്കയറ്റം തടയാൻ സാധിക്കുമെന്ന് അവർ വ്യക്തമാക്കി. തക്കാളിക്ക് പകരക്കാരനാകാൻ ചെറുനാരങ്ങയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തക്കാളി വില കുത്തനെ ഉയർന്നത് രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെയാണ് ബാധിച്ചത്. തക്കാളി വിറ്റ് കോടീശ്വരരായ കർഷകരുടെ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.