ഫീസ് വർദ്ധനവ്, ചെറിയ തെറ്റിന് പോലും കനത്ത നടപടി; പ്രവാസികളെ വലച്ച് പുതിയ വിസ നിബന്ധനകൾ
റിയാദ്: സേവനത്തിനായി ഈടാക്കിയിരുന്ന ഫീസിനത്തിൽ വർദ്ധന, രേഖകളിലെ ചെറിയ തെറ്റിന് പോലും കനത്ത നടപടി!. യാത്രാദുരിതം ഒഴിവായ വേളയിലും പുതിയ വിസാ നിബന്ധനകൾ പാലിക്കാനായി ബുദ്ധിമുട്ടുകയാണ് മലബാർ മേഖലയിലെ പ്രവാസികൾ. സൗദിയിലേയ്ക്കുള്ള വിസ ലഭിക്കാൻ പല കടമ്പകൾ കടക്കണമെന്നാണ് പരാതി.
വിസ സ്റ്റാമ്പിംഗ്, വിരലടയാളം എന്നിവ ഇന്ത്യയിൽ തന്നെ പതിപ്പിക്കാനുള്ള സേവനമൊരുക്കുന്ന വിഎഫ്എസ് കേന്ദ്രത്തെക്കുറിച്ചാണ് പ്രവാസികൾ പരാതി ഉയർത്തുന്നത്. വിസാ നടപടികൾ എളുപ്പമാക്കുന്നതിനായാണ് വിസാ സ്റ്റാമ്പിംഗ്, വിരലടയാളം എന്നീ നടപടികൾ രാജ്യത്ത് തന്നെ പൂർത്തിയാക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയത്. ഇതിനായുള്ള വിഎഫ്എസ് കേന്ദ്രം കൊച്ചിയ്ക്ക് പുറമേ കോഴിക്കോട് കൂടി സ്ഥാപിച്ചത് വഴി മലബാർ മേഖലയിലുള്ളവർക്ക് യാത്രാക്ളേശം ഒഴിവാക്കാനായി.
എന്നാലിപ്പോൾ ഫീസ് വർദ്ധന അടക്കമുള്ള പോരായ്മകളാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്. 10,000 മുടക്കിയാൽ ലഭിച്ചിരുന്ന സേവനത്തിന് 16,000 രൂപ വരെ നൽകണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അപ്പോയിന്റ്മെന്റെടുത്ത് എത്തുന്നവരുടെ രേഖകളിൽ ചെറിയ തെറ്റുകുറ്റങ്ങളുണ്ടായാൽ പോലും തിരിച്ചയക്കുന്നതായും പരാതിയുണ്ട്. ഇങ്ങനെയുണ്ടായാൽ അടുത്ത അപ്പോയിന്റമെന്റിന് വീണ്ടും കാത്തിരിക്കുക മാത്രമാണ് മാർഗം. കൂടാതെ കുടുംബമായി എത്തുന്നവരിൽ എല്ലാവർക്കും വിസ അടിച്ചുകിട്ടാത്ത സാഹചര്യവുമുണ്ട്. കുടുംബാംഗങ്ങളിലെ ചിലരുടെ വിസ ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടി തള്ളുന്നത് മൂലമാണിത്.