എട്ട് മണിക്കൂർ നീണ്ട പരിശ്രമം ഒടുവിൽ വിജയം; 50 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിച്ചു
പട്ന: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ മൂന്നുവയസുകാരനെ രക്ഷിച്ചു. ബീഹാറിലെ നളന്ദ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്ത് ജോലിക്കെത്തിയ അമ്മയ്ക്കൊപ്പം വന്ന മൂന്ന് വയസുകാരൻ ശിവം കുമാറാണ് അൻപത് അടി താഴ്ചയുള്ള കുഴൽകിണറിൽ വീണത്.
സംഭവം നടന്നയുടൻ കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടിയെത്തി ശിവത്തിന്റെ അമ്മയെ വിവരം അറിയിച്ചു. തുടർന്ന് വിവിധ സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ടീമംഗങ്ങളും എത്തി. തുടർന്ന് എട്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ശിവം കുമാറിനെ പുറത്തെത്തിക്കാനായത്.
കുട്ടി ആരോഗ്യവാനായിരിക്കുന്നെന്ന് നളന്ദ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ശുഭാസ്കർ അറിയിച്ചു. കൃഷിസ്ഥലത്ത് വെള്ളത്തിനായി ഒരു കർഷകൻ കുഴിച്ച കുഴൽകിണർ ഫലമില്ലെന്ന് കണ്ട് ഉപേക്ഷിച്ചിരുന്നു. ഇവിടെയാണ് കുട്ടി വീണത്. കിണർ മൂടിയിരുന്നില്ല. കുഴൽകിണറിൽ വീണ കുട്ടിയ്ക്ക് രക്ഷയ്ക്കായി ഓക്സിജൻ നൽകുന്നതടക്കം നടപടികൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു. കുട്ടിയെ ജീവനോടെ രക്ഷിച്ചത് വലിയ ആശ്വാസമായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.