മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; 19കാരൻ പിടിയിൽ, ഇതുവരെ പിടിയിലായത് അഞ്ച് പേർ
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. യുംലെംബാം നുങ്സിതോയ് മെയ്ത്തെയി (19) എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മണിപ്പൂരിലെ കാങ്പോക്പിയിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങൾ നടന്നതിനെ തുടർന്നാണ് നടപടിയുണ്ടായത്.
അതേസമയം, നേരത്തെ അറസ്റ്റ് ചെയ്ത നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യ പ്രതിയായ ഹൊറോദാസ് ഉൾപ്പെടെ മൂന്ന് പേരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി മണിപ്പൂർ പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.