തലസ്ഥാനത്തേക്ക് ലഹരി മരുന്നിന്റെ ഒഴുക്ക്, എത്തിക്കുന്നതിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടറുടെ മൊഴി. മയക്കുമരുന്ന് കേസിൽ സാക്ഷിമൊഴി നൽകവേയാണ് അമരവിള ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി.പ്രവീൺ ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറവൻകോണം പട്ടം താണുപിള്ള പാർക്കിന് സമീപത്ത് നിന്നാണ് പ്രവീണിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിഭാഗത്തിലുള്ള നൈട്രോസ്പാം ഗുളികകൾ പിടിച്ചെടുത്തത്. ബൈക്കുകളിൽ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പരുത്തിപ്പാറ ബി.എസ്.എൻ.എൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസക്കാരനായ പി.കെ എന്ന കണ്ണൻ, ഉള്ളൂർ പാണൻവിള കുഴിവിള പുത്തൻ വീട് സ്വദേശി ചാള എന്ന ശരത്ത്.എസ്.എസ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.