കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും;ഗവ.മെഡിക്കല്‍ കോളേജ് അവലോകന യോഗം ചേര്‍ന്നു
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അവലോകനയോഗം തീരുമാനിച്ചു. കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണം കലക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. അക്കാദമിക ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് താത്ക്കാലിക എച്ച്.ടി വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ലഭ്യമാക്കിയ എട്ടു കോടി രൂപ വിനിയോഗിച്ച് കേരള ജല അതോറിറ്റി മെഡിക്കല്‍ കോളേജ് കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തീകരിക്കും. കേരള ജല അതോറിറ്റിയുടെ ജലവിതരണ പദ്ധതി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കോളേജിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍, ടീചേഴ്സ് ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. 500 കിടക്കകളോടെയുള്ള ആശുപത്രി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാമ്പത്തികാനുമതി തേടും. 162 കോടി രൂപയാണ് മെഡിക്കല്‍ കോളേജിന് കിഫ്ബി വകയിരുത്തിയത്.
യോഗത്തില്‍ സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, കാസര്‍കോട് വികസന പാക്കേജ് മുന്‍ സ്പെഷല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആര്.പ്രവീണ്‍, ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, കിറ്റ്കോ കണ്‍സള്‍ട്ടന്റ് ടോം ജോസ്, പ്രൊജക്ട് എഞ്ചിനിയര്‍മാരായ വി.നിതിന്‍, ആനന്ദ്, ലേ സെക്രട്ടറി പ്രകാശ് ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് എന്‍. ജെ.സിറിയക്, നഴ്സിംഗ് സൂപ്രണ്ട് സിന്ധു, ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.