വര്‍ക്കലയില്‍ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ മണിയുടെ ഭര്‍തൃസഹോദരങ്ങളാണ് ഇവര്‍. ജൂലൈ 16 ഞായറാഴ്ചയാണ് ലീനാ മണി കൊല്ലപ്പെട്ടത്. ഭര്തൃസഹോദരന്മാരായ മൂന്നുപേരാണ് രാവിലെ 10 മണിയോടെ ലീനാ മണിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികളിലൊരാളായ മുഹ്സിന് ഇപ്പോഴും ഒളിവിലാണ്. ഒന്നര വര്‍ഷം മുമ്പാണ് ലീനാ മണിയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.