വയനാട്ടിൽ വനമേഖലയിൽ കെഎസ്ആർടിസി ബസ് തെന്നിമറിഞ്ഞ് അപകടം; പരിക്കേറ്റവർ ബത്തേരി താലൂക്ക് ആശുപത്രിയിൽ
കൽപറ്റ: വയനാട്ടിൽ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് വനമേഖലയിൽ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 8.30ഓടെ സീതാമൗണ്ടിൽ നിന്ന് തൃശൂരേക്ക് പോകുകയായിരുന്ന ബസാണ് പുൽപ്പള്ളിയിൽ വച്ച് അപകടത്തിൽ പെട്ടത്. 7.20ന് സീതാമൗണ്ടിൽ നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരി വഴി തൃശൂർക്ക് പോകേണ്ട ബസാണിത്. 16 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.
പുൽപ്പള്ളി ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ വനമേഖലയിൽ റോഡിന് വലതുവശത്തേക്ക് തെന്നിനീങ്ങിയ ബസ് മറിയുകയായിരുന്നു. അപകടസമയത്ത് കനത്തമഴയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം അപകട കാരണമെന്നാണ് കരുതുന്നത്. യാത്രക്കാരിൽ പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് സൂചന.