ബെംഗളൂരു: രാജ്യത്ത് പ്രതാപം നഷ്ടപ്പെട്ട് കഴിയുന്ന കോണ്‍ഗ്രസിന് ഡികെ എന്നാല്‍ പ്രതീക്ഷയാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവാണ് ഡികെ ശിവകുമാര്‍. ഭരണം കൈമോശം വരുമ്പോഴും, പാര്ട്ടിക്കാര് തമ്മിലടിക്കുമ്പോഴും ഒരു രക്ഷകനെ പോലെ വന്നിറങ്ങുന്ന ഡികെ ശിവകുമാറിനെ കര്‍ണ്ണാടകയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
ഡികെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനും, എംബി പാട്ടീലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കി ജാതിരാഷ്ട്രീയം സന്തുലിതമായി നിര്‍ത്താനും കോണ്‍ഗ്രസ് മറക്കുന്നില്ല. സംസ്ഥാനത്തെ ജാതി വാദങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കാതിരിക്കാനാണ് പ്രസിഡന്റിന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റിനെയും അവരോധിക്കാന്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തുടരും. സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ പന്ത്രണ്ടും വിജയിച്ച് ബിജെപി സ്വന്തം ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ പ്രസിഡന്റായിരുന്ന ദിനേശ് ഗുണ്ടു റാവു രാജിവെച്ചിരുന്നു. പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ വരുമ്ബോള്‍ രംഗത്തിറങ്ങുന്ന ഡികെ വൊക്കലിംഗ വിഭാഗക്കാരനാണ്.
അതേസമയം സിദ്ധരാമയ്യ ലിംഗായത്ത് നേതാവ് കൂടിയായ പാട്ടീലിനെയാണ് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസിന്റെ രക്ഷകന് പ്രതിഫലം നല്‍കുന്നതിനൊപ്പം ജാതി സന്തുലത ഉറപ്പാക്കാനാണ് പാട്ടീലിനെയും കൂടെക്കൂട്ടുന്നത്. അതേസമയം ഡികെ ഒരു വിവാദ നേതാവ് കൂടിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഇദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്. 840 കോടി രൂപയുടെ ആസ്തിയാണ് 2018 തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ശിവകുമാര്‍ വെളിപ്പെടുത്തിയത്.