മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; മുഖ്യപ്രതിയുടെ വീട് ജനം തീവച്ച് നശിപ്പിച്ചു
ഇംഫാൽ: യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയുടെ വീട് ആക്രമിച്ച് തീവച്ച് നശിപ്പിച്ച് ജനം. സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകമാണ് സംഭവം. ഇന്ന് പുലർച്ചെ ഒരുസംഘം വീട് തീവയ്ക്കുകയായിരുന്നു.
മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിൽ മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാൽ സംസ്ഥാനത്തെ ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസം മുൻപ് മാത്രമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് ദേശവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തിൽ പ്രതികളായ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിച്ചത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളെത്തുടർന്ന് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ചില കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിരേൻ സിംഗുമായി സംസാരിച്ചു. വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മണിപ്പൂരിലെ സംഘർഷമേഖലയായ ചുരാചന്ദ്പൂരിൽ ജനങ്ങൾ കറുത്ത വസ്ത്രം ധരിച്ച് വൻ റാലി നടത്തി.