കൊല്ലം: മൂന്നാറിലെ വെറുമൊരു തെരുവുനായയായിരുന്നു രണ്ടു ദിവസം മുമ്പുവരെ. ഒരു നിമിഷംകൊണ്ട് വിധി മാറിമറിഞ്ഞപ്പോള്‍ സ്വിസര്ലന്റിലേക്ക് താമസം മാറ്റുകയാണ്. സ്വന്തമായി ഒരു പേരും കിട്ടി.നന്ദി. താമസിയാതെ നന്ദി കേരളത്തോട് നന്ദി പറഞ്ഞ് വിമാനം കയറും. അതിനായി കൊച്ചിയിലെ മുന്തിയ ഹോട്ടലില്‍ തങ്ങുകയാണ് ഇപ്പോള്‍. ഒരു പട്ടിക്കുട്ടിക്കു വേണ്ടിയല്ല സ്വിസര്‍ലന്റില്‍ നിന്ന് ജോണിയും അലനും മൂന്നാറിലെത്തിയത്.കാഴ്ചകള്‍ കണ്ട് നടക്കവേ കേട്ട പട്ടിക്കുട്ടിയുടെ കരച്ചിലില്‍ അവരുടെ ശ്രദ്ധ ഉടക്കി. മൃഗസ്നേഹികളായ ഇരുവരും പട്ടികുട്ടിയുടെ അടുത്തേക്ക് നീങ്ങി. മറ്റൊന്നും അവര്‍ ചിന്തിച്ചില്ല,അതിനെ എടുത്ത് ഹോട്ടലിലേക്ക് പോയി. ഷാംപു തേച്ച് കുളിപ്പിച്ചു.കൂടുതല്‍ ഓമനത്തം തോന്നിയ പട്ടിക്കുട്ടിക്ക് അവര്‍ ഒരു പേരിട്ടു. താങ്ക്സ് എന്നതിന്റെ മലയാളം. നന്ദി.
പക്ഷേ, ഒരു പെട്ടി കൊണ്ടുപോകുന്ന ലാഘവത്തോടെ നന്ദിയെ കൊണ്ടുപോകാനാവില്ല. പ്രത്യേകിച്ച് സ്വിസര്ലന്റിലേക്ക്. നായയുടെ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കണം. പ്രതിരോധ കുത്തിവയ്പ്പുമെടുക്കണം. പ്രതിരോധ കുത്തിവയ്പെടുത്ത് 21 ദിവസം നിരീക്ഷണത്തില്‍ കഴിയണം. കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പായാലേ വിമാനം കയറാനാവൂ. മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന ആവശ്യവുമായി പല മൃഗാശുപത്രികളിലും കയറി ഇറങ്ങി.നിരാശയായിരുന്നു ഫലം. ഒടുവില്‍ അറിഞ്ഞു കൊല്ലത്തുപോയാല്‍ കാര്യം നടക്കും. അവര്‍ നേരെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തി.
വെറ്ററനറി കേന്ദ്രം ദൗത്യം ഏറ്റെടുത്തു. മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പ്രതിരോധ കത്തിവയ്പും നല്കി. ഇരുവരും നന്ദിയുമായി കൊച്ചിയിലേക്ക് മടങ്ങി. ജോണിയും അലനും ഈ മാസം അവസാനത്തോടെ മടങ്ങാനിരുന്നതാണ് നന്ദിയെയും ഒപ്പം കൂട്ടാനായി മടക്കയാത്ര രണ്ടാഴ്ചത്തേക്ക് നീട്ടി. ഇരുവര്‍ക്കും സൂറിച്ചില്‍ ഹോട്ടല്‍ വ്യവസായമാണ്. നന്ദിക്ക് ഭക്ഷണവും കുശാലെന്ന് ഉറപ്പ്. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍മാരായ അജിത് ബാബു, രാജു, ഷൈന്‍കുമാര്‍ എന്നിവര്‍ നന്ദിയുടെ വിദേശയാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.