ഇനിയാണ് കളി; 45 ദിവസത്തിനുള്ളിൽ ഇന്ത്യയും പാകിസ്താനും 4 തവണ ഏറ്റുമുട്ടാൻ സാധ്യത
അന്താരാഷ്ട്ര ക്രിക്കറ്റിൽ വീറും വാശിയുമേറിയ പോരാട്ടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ എന്നും ക്രിക്കറ്റ് പ്രേമികളിൽ ആവേശം നിറയ്ക്കുന്നവയാണ്. ചിരവൈരികളുടെ പോരാട്ടത്തിനായി ഇരു രാജ്യങ്ങളിലെയും ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്.
ഇപ്പോൾ ഇതാ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകർക്ക് സന്തോഷം നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ വർഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നാല് തവണ നേർക്കുനേർ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിന്റെ മത്സരക്രമങ്ങൾ പുറത്തുവന്നതോടെ പോരാട്ട ചിത്രം തെളിഞ്ഞു കഴിഞ്ഞു.
സെപ്റ്റംബർ 2നും ഒക്ടോബർ 15നും ഇടയിലാണ് ഇന്ത്യ – പാക് മത്സരങ്ങൾ അരങ്ങേറുക. 45 ദിവസത്തിനിടെ 4 തവണ ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയേക്കും. സെപ്റ്റംബർ 2ന് കാണ്ടിയിൽ നടക്കുന്ന ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ആദ്യം നേർക്കുനേർ വരിക. ഇന്ത്യയും പാകിസ്താനും സൂപ്പർ 4ലേയ്ക്ക് യോഗ്യത നേടിയാൽ സെപ്റ്റംബർ 10ന് ഇതേ വേദിയിൽ വീണ്ടുമൊരു മത്സരം നടക്കും.
ഏഷ്യാ കപ്പിൽ ഇരു രാജ്യങ്ങളും ഫൈനലിലെത്താനുള്ള സാധ്യത തള്ളിയാനാകില്ല. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 17ന് കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഇതിന് പുറമെ ഏകദിന ലോകകപ്പിലും ഇന്ത്യ – പാകിസ്താൻ പോരാട്ടമുണ്ട്. ഒക്ടോബർ 15ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാക് പോരാട്ടം.
ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ പാകിസ്താനാണ് മേൽക്കൈ. ഇതുവരെ 132 മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇതിൽ 73 എണ്ണത്തിലും പാകിസ്താനാണ് വിജയിച്ചത്. 55 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 4 മത്സരങ്ങൾ ഫലം കണ്ടില്ല.
അതേസമയം, ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പാകിസ്താന് മേൽ ഇന്ത്യ സമ്പൂർണ ആധിപത്യമാണ് പുലർത്തുന്നത്. ഇതുവരെ 7 തവണയാണ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. ഇതിൽ ഏഴിലും ഇന്ത്യയാണ് വിജയിച്ചത്. 2019ൽ നടന്ന ലോകകപ്പിൽ പകരം വീട്ടാനെത്തിയ പാകിസ്താന് വീണ്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഏഷ്യാ കപ്പിലെ ഇന്ത്യ – പാക് പോരാട്ടങ്ങൾ തത്സമയം കാണാം.