ട്രെഡ്മില്ലില് ഓടുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ജിമ്മില്‍ ട്രേഡ്മില്ലില്‍ ഓടുന്നതിനിടെ 24-കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന യുവാവാണ് മരിച്ചത്.
രോഹിണിയിലെ സെക്ടര്‍ 15-ല്‍ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിലായിരുന്നു ഇയാള്‍ വ്യായാമം ചെയ്ത് വന്നിരുന്നത്.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ട്രേഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ ജിം മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വമായ നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.