കാറപകടത്തിൽ 2 പേർ മരിച്ചു; അപകട സ്ഥലത്ത് ഓടിക്കൂടിയ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി 9 പേർക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകൾക്കിടയിലേക്ക് ആഢംബരക്കാർ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നു എന്നാണ് വിവരം.
ഇന്നലെ അർധരാത്രിയാണ് സംഭവം. കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുന്നു. ഈ സ്ഥലത്തേക്ക് ആളുകൾ ഓടിക്കൂടി. പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു. ഈ ആൾക്കൂട്ടവും പൊലീസും കൂട്ടമായി നിൽക്കുന്നതിനിടയിലേക്കാണ് മറ്റൊരു ആഢംബരക്കാർ പാഞ്ഞുകയറിയത്. കാറിന്റെ മുകളിൽ വരെ ആളുകൾ പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.