പാക് യുവതിയുടേത് ശരിക്കും പ്രണയം തന്നെയാണോ? പിടിച്ചെടുത്തത് ആറ് പാസ്പോർട്ടുകളും നാല് ഫോണും
ലക്നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാൻ നേപ്പാൾവഴി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനി സീമ ഹൈദറിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ പൊലീസിന് സംശയം. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ഇവരിൽ നിന്ന് ആറ് പാകിസ്ഥാൻ പാസ്പോർട്ടുകൾ കണ്ടെടുത്തതോടെയാണ് സംശയം തുടങ്ങിയത്. ഇതിൽ ഒരെണ്ണത്തിലെ വിലാസവും പൂർണവുമല്ല. ഇതോടെയാണ് ഉത്തർപ്രദേശ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്. സീമയുടെ പക്കൽ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കാസറ്റിലെ ഉള്ളടക്കം എന്നാണെന്ന് വ്യക്തമല്ല.
അടുത്തിടെയാണ് സീമ ഹൈദർ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ (25) വിവാഹം കഴിക്കാനാണ് നാല് മക്കൾക്കൊപ്പം അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്.ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു. സച്ചിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് യുവതി ജയിൽ മോചിതയായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
അതിനിടെ, സീമയോട് പാകിസ്ഥാനിലേക്ക് തിതിരിച്ചുവരാൻ ഭർത്താവ് ഗുലാം ഹൈദർ അഭ്യർത്ഥിച്ചു.’ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്ക് നന്നായി അറിയാം. നിനക്ക് അവിടെ എന്തെങ്കിലും സംഭവിച്ചാൽ, നമ്മുടെ മക്കൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക. ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? അതിനാൽ അവർക്ക് വേണ്ടി, ദയവായി മടങ്ങിവരൂ,’.- ഗുലാം ഹൈദർ ആവശ്യപ്പെട്ടു.
ഗുലാം ഹൈദർ ഇപ്പോൾ സൗദി അറേബ്യയിലാണുള്ളത്. പാകിസ്ഥാനിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മക്കളെക്കുറിച്ച് ആശങ്കയുണ്ടെന്നും സീമ തന്നിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഗുലാം പറഞ്ഞത്.