യുവാവ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; പലിശക്കാരുടെ ഭീഷണി കാരണമെന്ന് കുടുംബത്തിന്റെ പരാതി
ചിറ്റൂര്‍(പാലക്കാട്): വാല്‍മുട്ടി സ്വദേശിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വാല്‍മുട്ടി ശിവരാമന്റെ മകന് ജയകൃഷ്ണന് (29) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടര്‍ന്ന് നേരിട്ട ഭീഷണിയില്‍ മനംനൊന്താണ് ജയകൃഷ്ണന് ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ ചിറ്റൂര്‍ പോലീസില്‍ പരാതി നല്കി.
ചിറ്റൂര്‍ വെള്ളാന്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ജയകൃഷ്ണന് വായ്പയെടുത്തത്. ആഴ്ചയില്‍ 716 രൂപയാണ് തിരിച്ചടവ്. ഇത് മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കൂലിപ്പണിക്കാരനായ ജയകൃഷ്ണന് ഒരാഴ്ചയായി പനിമൂലം പണിക്ക് പോയിരുന്നില്ലെന്നും ഇതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും വീട്ടുകാര്‍ പറയുന്നു. ചിറ്റൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെത്തി. തുടര്‍ന്ന് ചിറ്റൂര്‍ പൊലീസെത്തി സ്ഥാപനം അടപ്പിച്ചു. വിവരങ്ങള്‍ അറിയുന്നതിനായി മാനേജരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് കേസ്സെടുത്തതായി പോലീസ് പറഞ്ഞു.
ജയകൃഷ്ണന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ശാന്ത, ഭാര്യ: രജിത. മകന്: ശ്രേഷ്ണവ്. സഹോദരന് ജയദേവന്