കയ്യാറിൽ ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതികളെ പിടിക്കണമെന്ന് കുടുംബം
കുമ്പള: ബസ് ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിനു പിന്നിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഇരയുടെ കുടുംബം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജൂൺ 20 ന് രാത്രി എട്ടരയോടെ ബൈക്കിൽ കയ്യാറിലെ മുറാദ് വില്ലയിലുളള വീട്ടിലേക്ക് പോകവെ ചന്ദ്രൻ എന്ന ചന്തു സൗഹൃദം നടിച്ച് കയ്യാർ റഷീദിനെ(33) പിടിച്ചിരുത്തുകയും ചന്ദ്രഹാസ പാണ്ടി എന്ന വിഷ്ണു എന്നിവർ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഒരു മാസമായിട്ടും പ്രതികളെ പിടികൂടാത്തത്. സംഭവത്തിനു ശേഷം വിഷ്ണു പൊലീസിൽ നേരിട്ട് ഹാജരായി അറസ്റ്റ് വരിച്ചത് ഒഴിച്ചാൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് പരാതി.
വീടിനടുത്ത് പരസ്യമായി മദ്യം വിൽക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് വധശ്രമം. മുഖത്തും തോളിലും മാരകമായി പരിക്കേറ്റ റഷീദ് രണ്ടാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടു ലക്ഷത്തോളം രൂപ ചികിത്സയിനത്തിൽ ചെലവായതായി റഷീദ് പറഞ്ഞു.
പിടികിട്ടാനുളള പ്രതികൾ ഉൾപ്പെടുന്ന സംഘം നിലവിലും നിർബാധം അതേ സ്ഥലത്ത് മദ്യകച്ചവടം തുടരുന്നതായി കുടുംബം അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ റഷീദിനൊപ്പം പിതാവ് ഇസ്മയിലും സംബന്ധിച്ചു.