മാവൂര്‍ ജ്വല്ലറി മോഷണക്കേസ്; പ്രതികള്‍ പോലീസ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ ജ്വല്ലറി മോഷണക്കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ ഒരു കിലോയിലധികം വെള്ളിയാഭരണങ്ങളും പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആവാത്ത ആളാണ്. ഈ മാസം ആദ്യമാണ് കോഴിക്കോട് മാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജ്വല്ലറിയില്‍ മോഷണം നടന്നത്. ഒന്നാം തീയതി രാത്രി കടപൂട്ടി പോയതായിരുന്നു ഉടമ. തിങ്കളാഴ്ചയായ മൂന്നാം തീയതി വന്നുനോക്കുമ്പോഴാണ് കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് തുരന്ന് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധില്പ്പെടുന്നത്. തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രദേശവാസികളായ രണ്ടുപേരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസിന് വിവരം കിട്ടിയത്. മാവൂര്‍ കണ്ണിപറമ്പ് തീര്ത്ഥക്കുന്നില് രഞ്ജീഷും പതിനേഴുകാരനുമാണ് പോലീസിന്റെ പിടിയിലായത്. സിനിമാ സെറ്റില്‍ ഭക്ഷണം നല്കുന്ന വിഭാഗത്തിലെ ജീവനക്കാരനാണ് രഞ്ജീഷ്. കൃത്യമായ ആസൂത്രണത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും മോഷണം. ആയുധങ്ങള്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ പുറകിലെ ഭിത്തി തകര്‍ത്തു. പ്രതികളിലൊരാള്‍ അകത്ത് കടന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. തൊട്ടടുത്തായി സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് ഇവരുടെ കണ്ണില്‍പ്പെട്ടില്ല. കഴിഞ്ഞദിവസം ആഭരണങ്ങളില്‍ കുറച്ച് തീര്ത്ഥക്കുന്നില് കണ്ടെത്തിയതോടെയാണ് മോഷ്ടാക്കളിലേക്കുള്ള വഴി തുറന്നത്. ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ ഇരുവരും തയ്യാറായില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. രഞ്ജീഷിനെ ജ്വല്ലറിയിലും ആഭരണങ്ങള്‍ കണ്ടെടുത്ത സ്ഥലത്തുമെത്തിച്ച് തെളിവെടുത്തു. പതിനേഴുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.