ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്തെത്തിച്ചു; വീട്ടില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ചു. അടുത്ത ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ജഗതിയിലെ വസതിയിലും ദര്‍ബാര്‍ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് പൊതുദര്‍ശനമുണ്ടാകും. ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്കാരം. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി , മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ചികിത്സാവശ്യാര്‍ത്ഥം ആറു മാസമായി ബംഗളൂരുവില്‍ തുടരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തൊട്ടടുത്തുള്ള ചിന്മയ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 4. ടെ മരണം സംഭവിച്ചു. മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലാണ് മരണവിവരം അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന് തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി. മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ഇന്ദിരാനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേര് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.