വാഹനാപകടത്തിലെ നഷ്ടപരിഹാരത്തേക്കുറിച്ച് തെറ്റിധാരണ, ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം
സേലം: മകന്റെ കോളേജ് ഫീസ് അടക്കാനായി പണമില്ല. വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്റെ കോളേജ് ഫീസ് അടയ്ക്കാനായി 45കാരി അറ്റകൈ പ്രയോഗം നടത്തിയത്.
ജൂണ്‍ 28നാണ് ദാരുണ സംഭവം നടന്നത്. ഇതേ ദിവസം തന്നെ നേരത്തെ ഒരു ബൈക്കിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍ ബസിന് മുന്നിലേക്ക് ചാടിയത്. റോഡിന് വശത്ത് കൂടി നടന്നുവരുന്ന സ്ത്രീ ബസിന് മുന്നിലേക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്വകാര്യ ബസിന് മുന്നിലേക്കാണ് 45കാരി ചാടിയത്. മകന്റെ കോളേജ് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതില്‍ പാപ്പാത്തി കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭര്‍ത്താവുമായി വേര് പിരിഞ്ഞ ശേഷം 15 വര്‍ഷമായി മക്കളെ തനിയെ ആയിരുന്നു ഇവര്‍ വളര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് വാഹനാപകടത്തിലെ നഷ്ടപരിഹാരത്തേക്കുറിച്ച് ആരോ ഇവരെ തെറ്റിധരിപ്പിച്ചത്. കളക്ടറുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്നു പാപ്പാത്തി.