വീണ്ടും ശൈഖ് ഹംദാന്റെ സാഹസികത; ഇത്തവണ കീഴടക്കിയത് യോസമതെ
ദുബൈ: സാഹസികതയാല്‍ വീണ്ടും അത്ഭുതപ്പെടുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല് മക്തൂം.
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കാടും മലയും വന്യമൃഗങ്ങളും നിറഞ്ഞ പ്രസിദ്ധമായ യോസമതെ ദേശീയ പാര്‍ക്കില്‍ 35 കി.മീറ്റര്‍ ഹൈക്കിങ് പൂര്‍ത്തിയാക്കിയാണ് ഇത്തവണ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അദ്ദേഹം യാത്ര സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് പരിശീലനം സിദ്ധിച്ച മലകയറ്റക്കാര്‍ മാത്രമാണ് യോസമതെയില് സാഹസികതക്ക് മുതിരാറുള്ളത്. കുത്തനെയുള്ള കയറ്റങ്ങളും പുഴയും വെള്ളച്ചാട്ടവും കൂറ്റൻ മരങ്ങളും നിറഞ്ഞതാണ് ഈ പാത. സാധാരണ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുത്താണ് മിക്കവരും ഹൈക്കിങ് പൂര്‍ത്തിയാക്കാറുള്ളത്. എന്നാല്‍, ശൈഖ് ഹംദാനും സംഘവും ഒമ്ബതു മണിക്കൂറില്‍ ലക്ഷ്യംകണ്ടു. 2962 മീറ്ററും 1417 മീറ്ററും ഉയരമുള്ള കൊടുമുടികളും യാത്രയില്‍ കീഴടക്കുന്നുണ്ട്.
ഹാഫ് ഡോം എന്നറിയപ്പെടുന്ന നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സ്ഥലത്തും സംഘം എത്തിച്ചേര്‍ന്നു. പാര്‍ക്കിലെ വിവിധ കാഴ്ചകളും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. യാത്രക്കിടയില്‍ കണ്ട കരടിയും വെള്ളച്ചാട്ടവുമെല്ലാം ഇതില്‍ കാണാം. ചില ഭാഗങ്ങളില്‍ കയറുകെട്ടിയാണ് കുത്തനെയുള്ള മല കയറുന്നത്. സാഹസിക യാത്ര കഴിഞ്ഞ് കാലുകള്‍ കുഴഞ്ഞ സഹയാത്രികര്‍ ഐസ് വെച്ച് തണുപ്പിക്കുന്നതും വിഡിയോയിലുണ്ട്. ശൈഖ് ഹംദാന്റെ സന്തത സഹചാരിയായ അമ്മാവൻ സഈദും യാത്രയില്‍ കൂടെയുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളും വിഡിയോയും അതിവേഗമാണ് വൈറലായത്. നിരവധിപേര്‍ അദ്ദേഹത്തിന്റെ സാഹസികതയെ അനുമോദിച്ച് രംഗത്തെത്തി. നേരത്തെ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും മറ്റും സാഹസിക പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ കാലമായി ദേശീയ പാര്‍ക്ക് പദവിയുള്ള കാലിഫോര്‍ണിയയിലെ വിനോദസഞ്ചാര കേന്ദ്രമാണ് യോസമതെ. ഓരോ വര്‍ഷവും ശരാശരി 50,000 പേര് ഇവിടെ ഹൈക്കിങ്ങിന് എത്താറുണ്ട്. ഹാഫ് ഡോമില്‍ കയറാനുള്ള ശ്രമത്തിനിടെ 40 പേരും ഉയരത്തില്‍ നിന്ന് 20 പേരും ഇതിനകം മരണമടഞ്ഞിട്ടുണ്ട്.