13കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ ഫോണിൽ 20ലധികം പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ, ഞെട്ടി പൊലീസ്
പത്തനംതിട്ട: തിരുവല്ലയിൽ 13 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടി പൊലീസ്. അറസ്റ്റിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്ന് 20 ലധികം പെൺകുട്ടികളുടെ നന്ധന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. ഫോണിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിലുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. കുന്നന്താനം സ്വദേശിയാണ് ജിബിൻ ജോൺ. ഇതേ കേസിൽ കുമളി സ്വദേശിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിവരം.
ആറ് മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം. അസുഖ ബാധിതതയായ 13 വയസ്സുകാരി മരിച്ചു. കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷിനെ കീഴ്വായ്പ്പൂരിൽനിന്ന് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം പിന്നീട് തിരുവല്ല ഡിവൈഎസ്പി ഏറ്റെടുത്തു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതി ജിബിൻ ജോണിന്റെ അറസ്റ്റ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന.