ശമ്പള പ്രതിസന്ധി: കെ.എസ്.ആര്.ടി.സിയുടെ പരസ്യ വിമര്‍ശനം അതൃപ്തിയുമായി ധനവകുപ്പ്
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ കെ.എസ്.ആര്.ടി.സിയുടെ പരസ്യ വിമര്‍ശനത്തില്‍ ധനവകുപ്പിന് അതൃപ്തി. ശമ്പളം മുടങ്ങുന്നതില്‍ ധനവകുപ്പിനെ വിമര്‍ശിക്കുന്നത് അനാവശ്യമാണെന്നാണ് ധനവകുപ്പിന്റെ നിലപാട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള സി.എം.ഡി ബിജു പ്രഭാകറിന്റെ പ്രതികരണത്തില്‍ തൊഴിലാളി സംഘടനകളും കടുത്ത അതൃപ്തിയിലാണ്. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത് ധനവകുപ്പ് സമയബന്ധിതമായി പണം അനുവദിക്കാത്തതിനാലാണെന്നാണ് സി.എം.ഡിയുടേയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും കുറ്റപ്പെടുത്തല്‍. രക്ഷാ പാക്കേജായി മാസംതോറും 50 കോടി രൂപ അനുവദിച്ചിരുന്നത് 30 കോടിയായി കുറച്ചു. അതുതന്നെ അഞ്ചാം തീയതിക്ക് മുന്നേ കിട്ടാത്തതാണ് ശമ്പളം വൈകിപ്പിക്കുന്നതെന്നാണ് വിമര്‍ശനം. മന്ത്രിയും സി.എം.ഡിയും ഇത് പരസ്യമായി പറഞ്ഞതോടെയാണ് ധനവകുപ്പ് അതൃപ്തി വ്യക്തമാക്കിയത്. വരവ് ചെലവുകളെല്ലാം കണക്കാക്കിയാണ് 30 കോടിയായി നിശ്ചയിച്ചത്. അതിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് അനാവശ്യമാണ്. കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തിന് പുറത്തുവരുന്ന ശമ്പളം കൊടുക്കാനുള്ള തുക നല്‍കേണ്ട ബാധ്യതയേ ഉള്ളൂവെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. സിഎംഡിയുടെ ഫേസ്ബുക്ക് വീഡിയോക്കെതിരെ തൊഴിലാളി സംഘടനകളിലും പ്രതിഷേധം ശക്തമാണ്. യൂണിയനേയും ജീവനക്കാരെയും പരസ്യമായി വിമര്‍ശിക്കുന്നതിനെതിരെ സംയുക്ത നീക്കത്തിനാണ് സംഘടനകള്‍ ഒരുങ്ങുന്നത്.