65 ലക്ഷം രൂപ തട്ടിയ പ്രതിയെ കാസര്‍കോട് സൈബര്‍ പോലീസ് ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാസര്‍കോട്: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കൈയ്യില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ കാസര്‍കോട് സൈബര്‍ പോലീസ് ടീം അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി ഓംകുമാര്‍ റോയിയെയാണ് (34) ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഗുരുഗ്രാം സൈബര്‍ പോലീസിന്റെ സഹായത്തോടെ തന്ത്രപരമായി കാസര്‍കോട് സൈബര്‍ പോലീസ് ടീം അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.നാരായണന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.രമേശന്, എസ്.സി.പി.ഒ സവാദ് അഷ്റഫ്, സി.പി.ഒ ജിജിന് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്ന ബേക്കല്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്ന് വലിയൊരു തുക വ്യാപാരിയുടെ അക്കൗണ്ടില്‍ ഉണ്ടെന്നും ഇതിനുള്ള നികുതിയായി നിശ്ചിത തുക അടക്കണമെന്നും വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ പല തവണകളായി തട്ടിയെടുക്കുകയായിരുന്നു. 2022 ജനുവരി മുതല്‍ ഫോണ്‍കോള്‍ വഴിയും വാട്സ്അപ്പ് വഴിയും പ്രതി പണം ആവശ്യപ്പെടുകയും വ്യാപാരി അത് അയച്ചു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയതോടെ 2022 ഡിസംബറില്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ മനസ്സിലാക്കുകയും അന്വേഷണസംഘം ഹരിയാനയിലേക്ക് പുറപ്പെടുകയുമായിരുന്നു.