മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡിലെ സദാചാര പ്രശ്നം; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍
മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡിലെ സദാചാര പ്രശ്നത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള് തന്നോടും സഹോദരനോടും ഒരു സംഘമാളുകള്‍ മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് ഉയര്‍ന്നിരുന്നു.
ഈ മാസം 13ന് എടവണ്ണ സ്റ്റാന്‍ഡിലാണു സംഭവങ്ങളുടെ തുടക്കം. സഹോദരീ സഹോദരന്മാരായ വിദ്യാര്‍ത്ഥികള്‍ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഒരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഒരു സംഘം എത്തി അസഭ്യം പറയുകയും സഹോദരനും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയാണ് പൊലീസിനെ സമീപിച്ചത്.
സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.