മലപ്പുറം: തങ്ങള്‍ കുടുംബത്തിന്റെ ഇടപെടല്‍ വിദ്യാര്‍ത്ഥി സംഘടന ആയ എം എസ് എഫില്‍ ഉണ്ടായത് വിമര്‍ശനത്തിന് വഴി വെക്കുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എം എസ് എഫിന്റെ ഭരണഘടന തങ്ങള്‍ കുടുംബം അട്ടിമറിച്ചു എന്ന് ആരോപിച്ച് ഒമ്ബത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നല്കി. അതേസമയം നേരത്തെ തങ്ങള്‍ കുടുംബത്തിന്റെ ഇടപെടലിന് എതിരെ എം എസ് എഫിന്‍െറ വനിത നേതാക്കള്‍ അടക്കം ഉളളവര്‍ രംഗത്ത് എത്തിയിരുന്നു. എം എസ എഫ് രാഷ്ട്രീയ സംഘടനയാണെന്ന് മാറാന്‍ പള്ളി കമ്മിറ്റികളിൽ ആളുകളെ നിര്ദേശിക്കുംപോലെ പാനലിൽ കൂടി സ്തുതി പാടകാരെ കെട്ടിയിറക്കാൻ ആരൂം മുന്നോട്ട് വരണ്ടന്നാണ് ഒരു എം എസ് എഫ് ജില്ലാ സെക്ടറി പ്രതികരിച്ചത് . സ്തുതി പാടുന്നവര്‍ക്കും ഓഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്ന് എം. എസ്. എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്സ മോള് ഫേസ് ബുക്കില്‍ കുറിച്ചു.
ഹഫ്സ മോളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സത്യത്തില്‍ നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്ബി തമ്ബുരാക്കന്മാര് കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള് നോക്കി നില്‍ക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്ബോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുന്‍പ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാര്‍ത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്ബര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്റ്റൈല്‍ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.
ന്റെ ഒരു ജില്ലാ ഘടകത്തിലെ പ്രസിഡന്റിനെ മാറ്റാന്‍ സംസ്ഥാന msf കമ്മിറ്റിയ്ക്കാണ് ഭരണഘടനാപരമായി അധികാരം എന്നിരിക്കെ എന്തധികാരത്തിലാണ് മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ഇങ്ങനെയൊരു നിലപാടെടുത്തത്.
സംഘടന തലത്തില്‍ സാമാന്യ മര്യാദയും ഭരണഘടനാപരമായ കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി മലപ്പുറം ജില്ലയിലെ ചില ലീഗ് ബ്രാഹ്മണന്മാര് പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിര്‍ത്തിയെ തീരൂ.ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയുമുള്ള ഷഹീന് ബാഗ് സ്ക്വായറുകള്‍ ആദ്യം നമ്മള് തീര്‍ക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ്.