അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി, സംരക്ഷണം നൽകാൻ കോടതി ഉത്തരവും; വീട്ടമ്മയെ ഭർതൃസഹോദരങ്ങൾ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: ഭർത്താവിന്റെ സ്വത്ത് കൈക്കലാക്കാൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതിന് പിറ്റേന്ന് വിധവയായ വീട്ടമ്മയെ മൂന്ന് ഭർത്തൃസഹോദരങ്ങൾ ചേർന്ന് കൊലപ്പെടുത്തി. വർക്കല അയിരൂരിൽ ആണ് വിധവയായ വീട്ടമ്മയെ സ്വത്ത് തർക്കത്തെ തുടർന്ന് ഭർതൃസഹോദരങ്ങൾ ഇരുമ്പുപട്ട കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.
ഒളിവിൽപോയ അയിരൂർ സ്വദേശികളായ ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. ഇലകമൺ അയിരൂർ കളത്തറ എം.എസ് വില്ലയിൽ സിയാദിന്റെ ഭാര്യ ലീനാമണിയാണ് (54) കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ചോദ്യം ചെയ്യാനായി അഹദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ലീനാ മണിയുടെ ആശ്രിതയും ദൃക്സാക്ഷിയായ സരസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഹദിന്റെ ഭാര്യ റഹീനയെയും പോലീസ് പ്രതി ചേർത്തു. കേസിൽ നാല് പ്രതികളാണ് നിലവിലുള്ളത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഒന്നരവർഷം മുമ്പ് ഭർത്താവ് മരിച്ച ലീനാമണി സഹായിയായ തമിഴ്നാട് സ്വദേശി സരസുവിനൊപ്പമാണ് താമസിച്ചിരുന്നത്.
സിയാദിന്റെ സ്വത്തുക്കൾ കൈക്കലാക്കാനും ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കിവിടാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നതിനെ തുടർന്ന് നാൽപ്പത് ദിവസം മുമ്പ് അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചുകയറി താമസം തുടങ്ങി. ഉപദ്രവം പതിവായതോടെ ലീനാമണി പോലീസിലും കോടതിയിലും പരാതി നൽകിയിരുന്നു.
ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതിന്റെ പകർപ്പ് ശനിയാഴ്ച പോലീസ് അഹദിന് കൈമാറി. പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് താക്കീതും നൽകി. എന്നാൽ, തുടർന്നും തനിക്ക് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച വൈകിട്ട് ലീനാമണി വീണ്ടും പോലീസിൽ പരാതി നൽകി
കഴിഞ്ഞ ദിവസം രാവിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ലീനാമണി പോകാനിറങ്ങവേ ഷാജിയും മുഹ്സീനും അഹദിനൊപ്പം എത്തി കോടതി ഉത്തരവിനെക്കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കി. അഹദും ഭാര്യയും വീട്ടിൽ നിന്ന് മാറി താമസിക്കാൻ ആവശ്യപ്പെട്ടത് ഉൾപ്പെടെ വഴക്കിന് കാരണമായി എന്ന് എഫ്ഐആറിൽ പറയുന്നു.
ലീനാ മണിയെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ പൂട്ടിയിടുകയും ഒച്ച വയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്തതായി പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. ദൃക്സാക്ഷിയായ സരസുവിന്റെ വായിലും തുണി തിരികിയെന്ന് സരസു പോലീസിന് മൊഴി നൽകി. തുടർന്ന് വാതിലിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഇരുമ്പ് പട്ടകൊണ്ട് തലയ്ക്കടിച്ചു.
സരസുവിനെയും മർദ്ദിച്ചു. പാര കമ്പി ആണ് ആയുധമായി എഫ്ഐആറിൽ പറയുന്നതെങ്കിലും വാതിലിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ക്രൂരമായി മർദ്ധിച്ചതെന്ന് അയിരൂർ പോലീസ് പറഞ്ഞു. ലീനാമണി പരിക്കേറ്റ് ബോധരഹിതയായി നിലത്തു വീഴുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. സരസുവിന്റെ നിലവിളി കേട്ട നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ലീനാമണിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. പരാതി നൽകിയിട്ടും സംരക്ഷണം നൽകിയില്ലെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്നും ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. റൂറൽ എസ്.പി ശിൽപ ദേവയ്യ കൊലപാതകം നടന്ന വീട്ടിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് റൂറൽ എസ്.പി പറഞ്ഞു. പോലീസിനെ വിളിച്ചാൽ അവിടെയെത്തണമെന്നാണ് കോടതി നൽകിയ സംരക്ഷണ ഉത്തരവിലുള്ളതെന്നും അവർ വ്യക്തമാക്കി.