17കാരിയെ കാമുകന് മുന്നിൽ വച്ച് കൂട്ടബലാൽസംഗത്തിനിരയാക്കി, മൂന്ന് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ
ജോധ്പൂർ: കാമുകനൊപ്പം ഒളിച്ചോടിയെത്തിയ 17കാരിയെ മൂന്നുപേർ ചേർന്ന് ബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. 17കാരിയായ ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. പ്രതികളെല്ലാം കോളേജ് വിദ്യാർത്ഥികളാണ്. ഇവരെയെല്ലാം സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പൊലീസ് പിടികൂടി.
സമന്തർ സിംഗ് ഭട്ടി, ധരം പാൽ സിംഗ്, ഭട്ടം സിംഗ് എന്നിവരാണ് പ്രതികൾ. ഇവർ എബിവിപി പ്രവർത്തകരാണെന്നും കോളേജ് തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിച്ചുവന്നവരാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് എബിവിപി അറിയിച്ചു.
20നും 22നുംമിടയിൽ പ്രായമുള്ളവരാണ് മൂന്നുപ്രതികളെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് കർശനമായ ശിക്ഷതന്നെ ലഭിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
ശനിയാഴ്ച കാമുകനായ യുവാവിനൊപ്പം അജ്മീറിൽ നിന്നും ഒളിച്ചോടിയാണ് പെൺകുട്ടി ജോധ്പൂരിലെത്തിയത്. ഇയാളെ മർദ്ദിച്ചവശനാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. രാത്രി 10.30ഓടെ ജോധ്പൂരിലെത്തിയ യുവാവും പെൺകുട്ടിയും ഇവിടെ ഗസ്റ്റ് ഹൗസിൽ റൂം അന്വേഷിച്ചു. എന്നാൽ ഇവിടെ മുറി ലഭിച്ചില്ല. പിന്നീട് ഇരുവരും പവോട്ട ചൗരാഹ എന്നയിടത്തെത്തി. ഇവിടെവച്ച് പ്രതികളുമായി പരിചയപ്പെട്ടു.
ഒളിച്ചോടി എത്തിയതാണെന്ന വിവരമറിഞ്ഞ പ്രതികൾ കമിതാക്കളെ ട്രെയിൻ കയറ്റിവിടാം എന്ന് വിശ്വസിപ്പിച്ച് ആഹാരം വാങ്ങിനൽകിയ ശേഷം ജയ് നാരായൺ വ്യാസ് സർവകലാശാലയിലെ ഹോക്കി ഗ്രൗണ്ടിലെത്തിച്ചു. ഇവിടെവച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പ്രഭാത നടത്തത്തിന് ഇതുവഴി ആളുകൾ എത്തിത്തുടങ്ങിയതോടെ പ്രതികൾ ഓടിപ്പോയി.
ഈ സമയം യുവാവ് ആളുകളോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികൾ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നതായി അറിഞ്ഞു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളിൽ രണ്ടുപേരുടെ കാലൊടിഞ്ഞു. മൂന്നാമന് കൈയ്ക്കും പരിക്കേറ്റു.
ഇതേ സർവകലാശാലയിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് സമന്ദർ സിംഗ്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ധരം പാൽ സിംഗ്. അജ്മീറിൽ ബി.എഡ് വിദ്യാർത്ഥിയാണ് ഭട്ടം സിംഗ്. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഗസ്റ്റ് ഹൗസ് നോട്ടക്കാരനെയും അറസ്റ്റ് ചെയ്തു.