മഅദനിക്ക് കേരളത്തിൽ കഴിയാം, പതിനഞ്ച് ദിവസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്. കൊല്ലത്തേക്ക് മടങ്ങാനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം.
പതിനഞ്ച് ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദേശം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി നൽകിയ ഹർജിയിലാണ് ഉത്തരവ്. മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ എതിർത്തിരുന്നു.
വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സകൾ ആവശ്യമാണെന്നും രോഗബാധിതനായ തനിക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക പൊലീസിന്റെ ചെലവ് താങ്ങാൻ സാധിക്കുന്നില്ലെന്നും, തന്റെ സുരക്ഷ കേരള പൊലീസിനെ ഏൽപിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.