ഹജ്ജ് തീർത്ഥാടനത്തിന് പരിസമാപ്തി; പ്രവാസി ഹാജിമാരുടെ ആദ്യ സംഘം നാളെ മടങ്ങിയെത്തും
നെടുമ്പാശേരി: ഹജ്ജ് കർമ്മം പൂർത്തിയാക്കിയ പ്രവാസി ഹാജിമാരുടെ ആദ്യം സംഘം നാളെ നെടുമ്പാശേരിയിൽ വിമാനമിറങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടനത്തിന് തിരിച്ച ഹാജിമാരുടെ ആദ്യ സംഘമാണ് നാളെ മടങ്ങിയെത്തുക. രാവിലെ 10ന് ഹാജിമാരുമായി സൗദി എയർലൈൻസ് വിമാനം നെടുമ്പാശേരിയിലെത്തും. ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽക്കും. 404 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. സംഘത്തിലെ 208 പേർ പുരുഷന്മാരും 196 പേർ സ്ത്രീകളുമാണ്.
മലയാളികൾക്ക് പുറമെ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുമ്പോൾ ഇതേ വിമാനത്തിൽ 405 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം അവിടെ നിന്ന് ഖത്തറിലേക്ക് പോയി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2841 ഹാജിമാരാണ് ഇക്കുറി ഹജ്ജ് കർമ്മത്തിനായി യാത്ര തിരിച്ചത്. ഹാജിമാരുടെ മടക്ക യാത്രയ്ക്കായി ഏഴ് വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വിതരണം ചെയ്യും. ഹാജിമാരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, കൺവീനർ എ. സഫർ കയാൽ, കോ-ഓർഡിറ്റർ ടി.കെ. സലിം എന്നിവർ അറിയിച്ചു.