അഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം; വന്‍ വ്യാജ വാഗ്ദാനം നല്കി കബളിപ്പിച്ചിരുന്ന സംഘം പിടിയില്‍
കോഴിക്കോട്: വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിച്ച കേസിൽ കർണാടക സ്വദേശികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗയിലെ മോഹൻ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
വടകര കുരിയാടിയിലെ രാജേഷിനെയാണ് കഴിഞ്ഞ വർഷം പ്രതികൾ വ്യാജനാണയങ്ങൾ നൽകി കബളിപ്പിച്ചത്. പത്ത് ലക്ഷം രൂപയുടെ അഞ്ച് ലക്ഷത്തിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യം കാണിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണമായിരിക്കുമെങ്കിലും പിന്നീട് നല്‍കുന്നത് മുഴുവന്‍ വ്യാജമായിരിക്കും. സ്വര്‍ണം വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വ്യാജമെന്ന് കണ്ടെത്തി പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. വടകര പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസ് തെളിയിക്കാനായില്ല.
കർണാടക സംഘം വീണ്ടും തട്ടിപ്പ് നടത്തുന്നതായി മനസിലാക്കിയ രാജേഷ് ആവശ്യക്കാരനായി മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് ബന്ധപ്പെട്ടു. ഇതിനു പിന്നാലെ സംഘം വടകരയിലെത്തുകയും വ്യാജ സ്വർണനാണയങ്ങൾ സുഹൃത്തിനു കൈമാറുമ്പോൾ പൊലീസ് പിടികൂടുകയുമായിരുന്നു. പൊലീസിനെ കണ്ട് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെ പിന്നീട് പിടികൂടി. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കബളിപ്പിക്കലിൽ വേറെ ആളുകളും ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.