മുസ്ലിം ലീഗും സിപിഎമ്മും കൈകോർത്തു; തൃക്കാക്കരയിൽ അവിശ്വാസം പാസായി, വൈസ് ചെയർമാൻ പുറത്ത്
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എഎ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാൻ എഎ ഇബ്രാഹിംകുട്ടിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ല. നഗരസഭയിലെ നാല് വിമത കൗൺസിലർമാരും ഇടതുപക്ഷ അംഗങ്ങളും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പിന്നീട് വിതന്മാർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയിരുന്നു. 43 അംഗ കൗൺസിലിൽ 22 അംഗങ്ങളുടെ കോറം തികഞ്ഞാൽ മാത്രമേ അവിശ്വാസ നോട്ടീസ് ചർച്ചയ്ക്കെടുക്കൂ എന്നുണ്ടായിരുന്നു. ഇതുറപ്പാക്കാനും സിപിഎമ്മിന് സാധിച്ചു. നഗരസഭയിൽ എല്‍ ഡി എഫ് 17 യു ഡി എഫ് 21 സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില