വീണ്ടും സ്വർണവേട്ട ; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 64 ലക്ഷം രൂപയുടെ സ്വര്‍ണം; ഒരാള്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസി(26)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 1066 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ദമാമില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് റഹീസ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 7.30-ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളാക്കി സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയാണ് ഇയാള്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 26-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.