തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരേയും ആര്‍എസ്എസിനും ഇസ്ലാമിക മതമൗലികവാദികള്ക്കുമെതിരേയും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് കോടിയേരിയുടെ പ്രതികരണം. ആര്‍എസ്എസ് വിരുദ്ധ രാഷ്ട്രീയത്തേക്കാള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണെന്ന് കോടിയേരി വിമര്‍ശിച്ചു.
പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജണ്ടക്കെതിരേ വിശാല നിലപാടുണ്ടാക്കേണ്ടതുണ്ട്. എന്നാല്‍ അത്തരമൊരു നിലപാടല്ല കോണ്‍ഗ്രസിന്റേത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ആര്‍എസ്എസ് വിരുദ്ധ രാഷ്ട്രീയത്തേക്കാള്‍ അവരില്‍ സ്വീകാര്യമായി കാണുന്നത്. യുഡിഎഫിനകത്ത് വലിയൊരു വിഭാഗം മതനിരപേക്ഷവാദികളാണുള്ളത്. അത്തരം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ വിധത്തിലുള്ള പരിപാടികള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്ബത്തിക നയം തുറന്നു കാണിക്കാന്‍ സാധിക്കണം. അസമത്വം സൃഷ്ടിക്കുന്നതാണ് ബിജെപി നയം. സാമ്ബത്തിക വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി പുറകോട്ട് പോവുകയാണ്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ സഹായം ചെയ്തു കൊണ്ട് അവരെ ശക്തിപ്പെടുത്തുന്ന നയമാണ് ബിജെപി സര്‍ക്കാരിന്റേത്. തൊഴിവില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ബഹുജന പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗ്ഗീയ പ്രശ്നങ്ങളിലേക്ക് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായി ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുവെക്കുകയാണ്. ദേശീയ പൗരത്വ നിയമം അതിന്റെ ഭാഗമായി കൊണ്ടുവന്നതാണ്. അത് ആര്‍എസ്എസ് അജണ്ടയാണ്.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണം കേരളത്തില്‍ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് ഇസ്ലാമിക മതമൗലികവാദികള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഈ ശ്രമം ആര്‍എസ്എസ്സിന്റെ ശ്രമത്തിന് എരിതീയില്‍ എണ്ണഒഴിക്കലാണ്. ആര്‍എസ്എസും എസ്ഡിപിഐയും വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്തയാണ് എസ്ഡിപിഐയെ നയിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാഅത്തെ ഇസ്ലാമി നിലകൊള്ളുമ്ബോള്‍ മതത്തെ ഭീകരതക്കുള്ള ആയുധമാക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ജയ്ശ്രീറാം വിളിപ്പിക്കാന്‍ ആര്‍എസ്എസും ബോലോ തക്ബീര്‍ വിളിക്കാന്‍ മുസ്ലിം തീവ്രവാദികളും ശ്രമിക്കുന്നു.
കേന്ദ്ര ബജറ്റിലെ കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടിനും ജനവിരുദ്ധനിലപാടിനുമെതിരേ ഇടതുപക്ഷം വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.