പരിശോധന ഇഷ്ടപ്പെട്ടില്ല, ബാഗിനകത്ത് എന്താണെന്ന് ചോദിച്ചപ്പോൾ ബോംബെന്ന് മറുപടി നൽകി; വിമാനയാത്ര മുടങ്ങിയെന്ന് മാത്രമല്ല യുവാവിന് മറ്റൊരു പണി കൂടി കിട്ടി
നെടുമ്പാശേരി: ബാഗ് പരിശോധന ഇഷ്ടപ്പെടാതെ ബാഗിനകത്ത് ബോംബ് ആണെന്ന് പരിഹാസരൂപേണ പറഞ്ഞ അബുദാബി സ്വദേശി പൊലീസ് പിടിയിലായി. ഇയാളുടെ വിമാനയാത്രയും മുടങ്ങി. എയർ അറേബ്യ വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി അൽ ന്യൂഇമിയാണ് ‘ബോംബ്’ ഭീഷണി മുഴക്കിയത്.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ ബാഗികത്ത് എന്താണെന്ന് ചോദിച്ചപ്പോഴാണ് യാത്രക്കാരൻ ബോംബാണെന്ന് പ്രതികരിച്ചത്. ഉടൻ ജീവനക്കാർ സുരക്ഷാ ഏജൻസികളെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷാവിഭാഗം ബാഗ് വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. രാത്രി 8.30 ന് പുറപ്പെടേണ്ട വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് വൈകിയാണ് പുറപ്പെട്ടത്.