മണല്‍ മാഫിയയുമായി ബന്ധം; ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: മണല്‍മാഫിയയുമായി ബന്ധമുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ ഗ്രേഡില്‍ ജോലി ചെയ്യുന്ന രണ്ട് എസ്.ഐമാരെയും അഞ്ച് സി.പി.ഒമാരെയുമാണ് പുറത്താക്കിയത്. പോലീസിന്റെ നീക്കങ്ങള്‍ മണല്‍ മാഫിയക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തി. ഗ്രേഡ് എസ്.ഐമാരായ ജോയ് തോമസ,ഗോഗുലന്‍ സി എന്നിവരേയും സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ നിസാര്‍, ഷിബിന്‍ എം.വൈ, അബ്ദുള്‍ റഷീദ് ടി.എം, ഷജീര്‍ വി.എ, ഹരികൃഷ്ണന് ബി എന്നിവരെയുമാണ് പുറത്താക്കിയത്. ഇവര്‍ മണല്‍മാഫിയയുമായി ബന്ധം സ്ഥാപിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും ലൊക്കേഷനുകളും മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തി. വളരെ ഗുരുതരമായ അച്ചടക്കലംഘനമായി കണ്ടെത്തിക്കൊണ്ടാണ് ഇവരെ സേനയില്‍ നിന്നും പുറത്താക്കിയത്. നേരത്തെ 13 ഉദ്യോഗസ്ഥരെ വിവിധ കാരണങ്ങളാല്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.