വെള്ളരിക്കുണ്ട് ടൗണിലെ കടകളില്‍ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നടത്തി
കാസര്‍കോട്: വിപണി പരിശോധിക്കാനും വിലക്കയറ്റം തടയുന്നതിനുമായുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് വെള്ളരിക്കുണ്ട് ടൗണിലെ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍ ബേക്കറികള്‍, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകളില്‍ ഉടന്‍ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം നല്കി. അല്ലെങ്കില്‍ അവശ്യവസ്തു നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. കടകളില്‍ വില്‍ക്കുന്ന അരിയുടെ പര്‍ച്ചേസ് ബില്ല് നിര്‍ബന്ധമായും കടകളില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്കി. വാങ്ങിയ വിലയില്‍നിന്നും അമിത ലാഭം ഈടാക്കരുതെന്നും നിര്‍ദേശിച്ചു. ബേക്കറികളില്‍ ഭരണികളിലും ഗ്ലാസ് അലമാരകളിലും മറ്റും സൂക്ഷിച്ച് വില്പന നടത്തുന്ന ലൂസ് ഇനങ്ങളുടെ വില അവയുടെ നേരെ എഴുതി പ്രദര് ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി. പച്ചക്കറികള്‍, ഫ്രൂട്ട്സ് സ്റ്റാള്‍ എന്നിവിടങ്ങളില്‍ പഴകിയ ഇനങ്ങള്‍ യാതൊരു കാരണവശാലും നല്ലതുമായി കൂട്ടിക്കലര്ത്തിവെയ്ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്കി. എല്ലാ കടകളും ആവശ്യമായ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും അളവു തൂക്ക മെഷീനുകള്‍ ഉപഭോക്താക്കള്‍ക്ക് കാണും വിധം തന്നെ പ്രദര്‍ശിപ്പിക്കണമെന്നും വ്യാപാരികള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ വാങ്ങിയ സാധനങ്ങളുടെ ബില്ല് നല്‍കേണ്ടതാണെന്നും നിര്‍ദേശിച്ചു. ക്രമക്കേട് കണ്ടെത്തിയ മൂന്ന് കടകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി.സജീവന്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ദാക്ഷായണി, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ.രാജീവന്, ജാസ്മിന് കെ ആന്റണി, ജീവനക്കാരായ ബിനോയ് ജോര്‍ജ്, വിശാല്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.