ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തിൽ മുസ്ലീം ലീഗ് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം
ഏക സിവില്‍ കോഡ് വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തത് കൊണ്ട് ലീഗിനോട് വിരോധമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ആയുധമായാണ് ഏക സിവിൽ കോഡിനെ കേന്ദ്ര സർക്കാർ കാണുന്നത്. ഈ വിഷയത്തിൽ ഇടതുമുന്നണിയിൽ രണ്ടഭിപ്രായമില്ല. ലീഗിനെ വിളിച്ചതിൽ സി.പി.ഐക്ക് അതൃപ്തിയില്ല. പാർട്ടി സെമിനാറിൽ വ്യക്തതയുള്ള എല്ലാവർക്കും പങ്കെടുക്കാം. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
രാജ്യത്തിെൻറ ബഹുസ്വരത ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് മുന്നോട്ട് വെക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് അടുത്ത ഇലക്ഷൻ മാത്രമാണ്. ഏക സിവില്‍ കോഡ് മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
നാളെയാണ് കോഴിക്കോട് സി.പി.എം നേതൃത്വത്തിൽ ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ നടക്കുന്നത്. ഏക സിവിൽ കോഡ് സംബന്ധിച്ച് സി.പി.എം. നടത്തുന്ന സെമിനാറിൽ സി.പി.ഐ പങ്കെടുക്കുന്നില്ല. ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടിപരിപാടിയായി സി.പി.എം. ചുരുക്കിയതിലുള്ള അതൃപ്തിയാണ് സി.പി.ഐ.ക്കുള്ളതെന്ന് പറയുന്നു. എന്നാൽ, ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് സി.പി.ഐ.യുടെ ഔദ്യോഗിക വിശദീകരണം.
സെമിനാറിെൻറ സംഘാടകസമിതിയിൽ സി.പി.ഐ.യുടെ ജില്ലാനേതാക്കൾ ഭാരവാഹികളാണ്. സെമിനാറിന്റെ പൊതുലക്ഷ്യത്തോട് എതിർപ്പില്ലാത്തതിനാൽ ജില്ലാനേതാക്കൾക്ക് അതുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട്.