മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ചൈനീസ് വായ്പ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് പിതാവ്
ബംഗളൂരു: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ചൈനീസ് വായ്പ ഏജന്റുമാര്‍ തന്റെ മകനെ നിരന്തരം ഭിഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി തേജസിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. മകന്റെ നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുത്തെന്നും പണം നല്‍കാമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായും തേജസ്വിന്റെ പിതാവ് ഗോപിനാഥ് നായര്‍ വ്യക്തമാക്കി.
‘മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മകനെ അവര്‍ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്ക് ചില ചിത്രങ്ങള്‍ അവര്‍ അയച്ചു. പണം തിരികെ നല്‍കാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ചൊവ്വാഴ്ച വൈകീട്ട് 6.20 വരെ അവര്‍ അവനെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടമായി’- പിതാവ് പറഞ്ഞു.
ചൈനീസ് വായ്പ ആപ്പായ സ്ലൈസ് ആന്‍ഡ് കീസില്‍ നിന്നാണ് തേജസ് ലോണെടുത്തത്. എന്നാല്‍ ഈ തുക തിരിച്ചടയ്ക്കാന്‍ തേജസിന് സാധിച്ചിരുന്നില്ല. ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് തേജസ് ആത്മഹത്യ ചെയ്തത്. ‘അമ്മേ അച്ഛാ, മാപ്പ്. ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല, എന്റെ പേരില്‍ എടുത്ത മറ്റ് വായ്പകളും എനിക്ക് തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടില്ല. എന്റെ തീരുമാനം ഇതാണ്’- തേജസ് ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ബംഗളൂരുവിലെ ജാലഹള്ളിയിലെ വീട്ടില്‍ തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീറ്റെ മീനാക്ഷി കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് തേജസ്. മൂന്ന് വായ്പ സൈറ്റുകളില്‍ നിന്നും തേജസ് വീട്ടുകാര്‍ അറിയാതെയാണ് വായ്പെയടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് വായ്പ ഏജന്റുമാര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്.
അതേസമയം, നിയമവിരുദ്ധമായി വായ്പ നല്കുന്ന 42 മൊബൈല്‍ ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യവുമായി ഉടന്‍ ഗൂഗിളിനെ സമീപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്തരം ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്താല്‍ വലിയ പലിശയാണ് തിരിച്ചടവിനൊപ്പം നല്‍കേണ്ടത്.
വായ്പ അടയ്ക്കാന്‍ വൈകുന്നവരുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് ഭീഷണി. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്.