കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട; മൂന്ന് പേർ പിടിയിൽ
കായംകുളം: മാരക രാസലഹരിയുമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാക്കൾ പിടിയിൽ.ആറാട്ടുപുഴ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), ആറാട്ടുപുഴ കൊച്ചുപടന്നയിൽ സചിൻ (23), ആറാട്ടുപുഴ രാജീവ് ഭവനത്തിൽ മിലൻ പി. ബിജു ( ഗയിൽ 23) എന്നിവരാണ് പിടിയിലായത്. 46.700 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടികൂടി.
ബംഗളൂരുവിൽനിന്ന് രാസലഹരിയുമായി ട്രെയിനിൽ വരുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം വലവിരിക്കുകയായിരുന്നു. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി ഭാഗത്ത് യുവാക്കളെയും കുട്ടികളെയുമാണ് സംഘം ലക്ഷ്യമാക്കിയിരിക്കുന്നത്. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.
കുട്ടികളും യുവാക്കളും ഇവിടെ സംഘടിക്കുന്നത് മനസ്സിലാക്കി നടത്തിയ നിരീക്ഷണത്തിലാണ് കച്ചവടം തിരിച്ചറിഞ്ഞത്. 3000 മുതൽ 5000 രൂപ വരെയാണ് ഗ്രാമിന് ഈടാക്കിയിരുന്നത്.നാർകോട്ടിക് സെൽ അഡീഷനൽ എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ നേത്വത്വത്തിലുള്ള സി.ഐ മുഹമ്മദ് ഷാഫിയും ഉൾപ്പെട്ട പ്രത്യേക സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
കായംകുളം എസ്.ഐ വി. ഉദയകുമാർ, സീനിയർ സി.പി.ഒമാരായ റെജി, ശ്യാം, അജികുമാർ, ശിവകുമാർ, ഡാൻസാഫ് എ.എസ്.ഐ ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർമാരായ ജീതിൻ, വിഷ്ണു, ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, സിറിൾ, അബിൻ, അനസ്, നന്ദു, രൺദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.