മുസ്ലിംകളെ ആകർഷിക്കാൻ സൂഫി സംവാദവുമായി ബി.ജെ.പി: ‘ഓരോ ജില്ലയിലും 500 പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തും, ഉറൂസ് തീയതികൾ ശേഖരിക്കും’
ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിംകളെ ആകർഷിക്കാൻ ‘സൂഫി സംവാദ’വുമായി ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മേധാവി ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുക. ഓരോ ജില്ലയിലും 500 പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. “അവരുടെ പ്രശ്നങ്ങൾ കേൾക്കും. ഉറൂസ് ആഘോഷം, പണ്ഡിതരുടെ പേര്, ജനനത്തീയതി, വാർഷികം തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഞങ്ങൾ ശേഖരിക്കും. അതുവഴി അവരെ വ്യക്തിപരമായി ബന്ധിപ്പെടാൻ കഴിയും’ -അദ്ദേഹം വ്യക്തമാക്കി.
ഇതിന് നേതൃത്വം നൽകാൻ ഓരോ ജില്ലയിലും ഒരുമുഖ്യ ചുമതലക്കാരനെയും അഞ്ച് സഹ ചുമതലക്കാരെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. ഇവർ അഞ്ചുപേരും 100 വീതം പണ്ഡിതരെ ബന്ധപ്പെടും. ഇവർക്കുള്ള പരിശീലന പരിപാടിക്ക് വ്യാഴാഴ്ച ഡൽഹിയിൽ തുടക്കമായി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 70 പേരാണ് പാർട്ടി ആസ്ഥാനത്ത് നടന്ന പരിശീലനത്തിൽ സംബന്ധിച്ചത്. ന്യൂനപക്ഷ മോർച്ച മേധാവി ജമാൽ സിദ്ദിഖി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
“ഞങ്ങൾ രാജ്യത്തുടനീളം സൂഫി സംവാദം നടത്തും. രാജ്യമെമ്പാടുമുള്ള പണ്ഡിതരെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരും. അവരുടെ മുന്നിൽ നമ്മുടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകൾ തിരിച്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഡൽഹി ടീമിന്റെ പരിശീലന പരിപാടിയാണ് വ്യാഴാഴ്ച നടന്നത്. ഒരു ജില്ലയ്ക്ക് ഒരു ഇൻചാർജും അഞ്ച് കോ-ഇൻചാർജുകളെയും ചുമതലപ്പെടുത്തിയിടുണ്ട്. 100 സൂഫികളെ ഒരു കോ-ഇൻചാർജ് ബന്ധപ്പെടണം എന്നതാണ് ലക്ഷ്യം. സൂഫികളെ കാണുകയും പ്രധാനമന്ത്രിയുടെ സന്ദേശം നൽകുകയും സർക്കാരിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്യും” -ജമാൽ സിദ്ദിഖി പറഞ്ഞു.
സൂഫി സംവാദത്തിലൂടെ രാജ്യത്ത് സൂഫിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. “സൂഫി പണ്ഡിതരുമായി നിരന്തരം ബന്ധപ്പെടും. അവർക്ക് ധാരാളം അനുയായികളുണ്ട്, ആ അനുയായികളിലേക്ക് എത്തിച്ചേരാനും അവരുടെ വികസനത്തിന് പിന്തുണ നൽകാനുമുള്ള സർക്കാരിന്റെ പദ്ധതികൾ ആവിഷ്കരിക്കും. ഇസ്ലാമിലെ മിതവാദികളായ സൂഫികൾ സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മതമൗലികവാദികൾ സൂഫിസത്തെ ക്രമേണ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ സൂഫിസംവാദത്തിലൂടെ സൂഫിസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം’ -അദ്ദേഹം പറഞ്ഞു.