മികച്ച പോലീസ് സ്റ്റേഷന് മഞ്ചേശ്വരം; ഓഫീസര്‍ പ്രദീഷ് ഗോപാല്‍
കാസര്‍കോട്: ജില്ലയിലെ ജൂണ്‍ മാസത്തിലെ മികച്ച പോലീസ് സ്റ്റേഷനായി മഞ്ചേശ്വരവും, മികച്ച പോലീസ് ഉദ്യോഗസ്ഥനായി എസ്.സി.പി.ഒ പ്രദീഷ് ഗോപാലിനെയും തെരഞ്ഞെടുത്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ പൈവളികയില്‍ പ്രഭാകര നൊണ്ടയെ കൊലപ്പെടുത്തിയതിന് സഹോദരനടക്കം ആറ് പേരെ മണിക്കൂറുകള്‍ക്കകം ആയുധങ്ങള്‍ സഹിതം പിടികൂടിയതും, ജില്ലയില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയതും, സ്റ്റേഷന് പരിധിയിലെ ക്രമസമാധാന പാലനവും പരിഗണിച്ചാണ് മികച്ച സ്റ്റേഷനായി മഞ്ചേശ്വരത്തെ തെരെഞ്ഞെടുത്തത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്റെ കൃത്യതയോടെയുള്ള ഇടപെടലും, മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസുകാരുടെ കഠിനാധ്വാനവുമാണ് നേട്ടത്തിന് പിന്നില്‍.
മികച്ച ഓഫീസറായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ മഞ്ചേശ്വരം ഫീല്‍ഡ് ഓഫീസര്‍ എസ്.സി.പി.ഒ പ്രദീഷ് ഗോപാല്‍ അര്‍ഹനായി. ബദിയടുക്ക സീതാംഗോളിയില്‍ നടന്ന ബോര്‍വെല്‍ കരാറുകാരന് തോമസ് ക്രാസ്റ്റയുടെ കൊലപാതകികളെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താന്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത് പ്രദീഷാണ്. കൂടാതെ ജില്ലയിലുടനീളം ചെറുതും വലുതുമായ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത് പ്രദീഷ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ചന്തേര സ്റ്റേഷനുകളിലായി ഇത്തരത്തില്‍ നിരവധി വാണിജ്യ അളവിലുള്ള എം.ഡി.എം.എ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന, അഡീഷണല്‍ എസ്.പി വി.ശ്യാം കുമാര്‍, ജില്ലയിലെ ഡി.വൈ.എസ്.പിമാര്‍ എന്നിവരടങ്ങിയ പാനലാണ് തെരെഞ്ഞെടുത്തത്.