കുവൈത്ത്: സ്ത്രീകള്‍ക്കുള്ള വിസയില്‍ പുതിയ നിബന്ധന; ഗര്‍ഭിണിയല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാരജാക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകള്‍ക്ക് വിസക്ക് അപേക്ഷിക്കുമ്ബോള്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാക്കി.
ഗര്‍ഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകള്‍ക്ക് എൻട്രി വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം.
ഗര്‍ഭിണിയല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, നയതന്ത്രജ്ഞര്‍ക്കൊപ്പമുള്ള വീട്ടുജോലിക്കാര്‍, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, ഇലക്ട്രോണിക് (ഓണ്‍ലൈനില്‍) പ്രവേശന വിസ അനുവദിക്കുന്ന വിദേശികള്‍ എന്നിവരെ ഇതില്‍നിന്ന് ഒഴിവാക്കിയതായി അല്‍ അൻബ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിബന്ധനകളില്‍നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വത്തിനും താമസത്തിനും വേണ്ടിയുള്ള അസി.അണ്ടര്‍ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഇത്തരക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
നിലവില്‍ രാജ്യത്ത് കുടുംബ, സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നില്ല. തൊഴില്‍, കോമേഴ്സ്യല്‍ സന്ദര്‍ശന വിസകള്‍ മാത്രമാണ് അനുവദിക്കുന്നത്. സ്ത്രീകള്‍ക്ക് വിസ അനുവദിക്കുന്നതിലെ പുതിയ നിബന്ധന കലാ-സാംസ്കാരിക പരിപാടികള്‍ക്കായി കുവൈത്തില്‍ എത്തുന്നവര്‍ക്ക് പ്രയാസം തീര്‍ക്കും.