സിൽവർ ലൈൻ; ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും, ചർച്ചയിൽ കെ റെയിൽ പ്രതിനിധികളും പങ്കെടുക്കും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു മാർഗം. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേർഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രിയും പറഞ്ഞിരുന്നു.