വീടിന് മുന്നിൽ സ്കൂൾ ബസിൽ വന്നിറങ്ങി; അതേ ബസിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ∙ വേലൂരിൽ സ്കൂൾ ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്ക് സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(എട്ട്)യാണ് മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ദിയ സ്കൂളിൽ നിന്ന് വന്നിറങ്ങിയ അതേ മിനി ബസാണ് ഇടിച്ചത്. വീടിന് മുന്നിൽ ബസിൽ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.